കണ്ണൂർ: മൺസൂൺ കാലയളവിൽ മത്സ്യങ്ങളുടെ പ്രജനനം സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർധ രാത്രിയോടെ അവസാനിക്കും. നാളെ മുതൽ മീൻ പിടുത്ത ബോട്ടുകൾ തിരികെ കടലിലിറങ്ങും. ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മത്സ്യ ബന്ധനം സജീവമാകും. ഇതിനായുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് മത്സ്യ തൊഴിലാളികൾ.
ജൂൺ ഒമ്പതിന് അർധ രാത്രി മുതലാണ് നിരോധനം ആരംഭിച്ചത്. 52 ദിവസത്തെ നിരോധനം അവസാനിക്കുന്നതോടെ മത്സ്യതൊഴിലാളികൾക്ക് ചാകരയാണ് ഇനിയുള്ള പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിൽ ആയിക്കര ഹാർബറിൽ പരമ്പരാഗത വള്ളങ്ങൾക്ക് മത്തി ലഭിച്ചത് ഏറെ പ്രതീക്ഷയാണ് തൊഴിലാളികൾക്ക് നൽകിയത്.
ബോട്ടുകൾ അറ്റകുറ്റപണി നടത്തിയും പഴയ വലകളുടെ കേടുപാടുകൾ നന്നാക്കിയും പുതിയ വലകൾ വാങ്ങിയും ബോട്ടുകളിൽ ഇന്ധനം നിറച്ചും കടലിൽ പോകാനൊരുങ്ങുകയാണ് തൊഴിലാളികൾ. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ബോട്ടുകളിൽ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങിയിരുന്നു. ട്രോളിംഗ് നിരോധനം അവസാനിക്കാനിരിക്കെ എല്ലാവരും ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചെത്തികൊണ്ടിരിക്കുകയാണ്.
ആയിക്കര ഹാർബറുകളിലെ യന്ത്ര ബോട്ടുകൾ ട്രോളിംഗ് നിരോധനത്തെ തുടർന്ന് അഴീക്കലിലേക്ക് മാറ്റിയിരുന്നു. ഇവയും തിരിച്ച് ആയിക്കരയിലെത്തും. കൂടാതെ, യന്ത്രവത്കൃത ബോട്ടുകളുടെ സുരക്ഷാ പരിശോധനയും പുരോഗമിക്കുകയാണ്. ട്രോളിംഗ് നിരോധനത്തോടെ കഴിഞ്ഞ രണ്ടു മാസത്തിനിടെ വിപണിയിൽ മത്സ്യ വില കുത്തനെ ഉയർന്നിരുന്നു. മത്തി, അയല, ചെമ്മീൻ തുടങ്ങിയ പ്രധാന മത്സ്യങ്ങൾക്ക് തൊട്ടാൻ പൊള്ളുന്ന വിലയായിരുന്നു. ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ മത്സ്യ വില കുറയുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ. മൺസൂൺ കാലാവസ്ഥ തുടരുന്നതിനാൽ കടലിൽ സുരക്ഷാ മുൻകരുതലുകളും ശക്തമാക്കിയിട്ടുണ്ട്.